ചെറുകഥ: റട്ഗർ സായ്‌വ്
കഥാകൃത്ത്: രാകേഷ് നീലകണ്ഠൻ വാലിനു തീപിടിച്ച പോലെ ഓടുന്ന ഉന്നായി മാപ്പിളയുടെ മരണപ്പാച്ചിൽ കണ്ടു വിടാച്ചിറക്കാർ അന്തം വിട്ടു. എന്തെന്ന് ആശങ്കപൂണ്ട ഒരുനൂറു ശബ്ദങ്ങൾ ഉന്നായി മാപ്പിളയുടെ കൂടെയോടി. അവറ്റയെ എല്ലാം പിന്നിലാക്കി കലിപൂണ്ട വെളിച്ചപ്പാടിന്നെപ്പോലെ മാപ്പിള പാഞ്ഞു. ഇടയ്ക്കിടെ നെഞ്ചത്ത് ആഞ്ഞടിച്ചു പിറകെ മീൻമുട്ടി അന്ത്രുവും. ആർക്കും എത്തും പിടിയും കിട്ടിയില്ല. എന്നാൽ തെക്കു താഴ്‌വാരം തൊട്ടു, കിഴക്കു വയലേല കടന്നു, വടക്കു ചുന്ദരിപ്പുഴയുടെ കവുങ്ങിൻപാലവും താണ്ടി ഷാപ്പ് തിരിഞ്ഞു പടിഞ്ഞാറു കവലയെത്തി ഉന്നായി മാപ്പിള പായുന്ന ദിശ, മാപ്പിളയുടെ ലക്ഷ്യസ്ഥാനം, എല്ലാവർക്കും നല്ല തിട്ടമുണ്ട്. റട്ഗർ സായ്‌വിന്റ കണ്ണാടി ബംഗ്ലാവ്! വിടാച്ചിറക്കാരുടെ ഇത്തരത്തിലുള്ള എല്ലാ ഓട്ടവും ഒടുവിൽ ചെന്നവസാനിക്കുന്നതു സായ്‌വിന്റെ കണ്ണാടി ബംഗ്ലാവിലാണ്. റട്ഗർ സായ്‌വ് ഒരു സംഭവമാണ്! കണ്ണാടി ബംഗ്ലാവ് ഒരു സംഭവമാണ്! ഭൂമിയുടെ ഭ്രമണപഥവും ക്രമവും സൗരയൂഥത്തിലെ ലംബമായും തിരശ്ചീനമായുമുള്ള പ്രയാണ വിന്യാസങ്ങളും, പ്രവേഗവിവരങ്ങൾ, ക്ഷീരപഥത്തിലെ വിവിധങ്ങളായ സംക്രമപട്ടികകളും, സൗരവിസ്ഫോടനങ്ങളുടെ താക്കീതു പട്ടികകളും,ചാന്ദ്രപ്പകർച്ചക...