ചെറുകഥ: റട്ഗർ സായ്‌വ്
വാലിനു തീപിടിച്ച പോലെ ഓടുന്ന ഉന്നായി മാപ്പിളയുടെ മരണപ്പാച്ചിൽ കണ്ടു വിടാച്ചിറക്കാർ അന്തം വിട്ടു. എന്തെന്ന് ആശങ്കപൂണ്ട ഒരുനൂറു ശബ്ദങ്ങൾ ഉന്നായി മാപ്പിളയുടെ കൂടെയോടി. അവറ്റയെ എല്ലാം പിന്നിലാക്കി കലിപൂണ്ട വെളിച്ചപ്പാടിന്നെപ്പോലെ മാപ്പിള പാഞ്ഞു. ഇടയ്ക്കിടെ നെഞ്ചത്ത് ആഞ്ഞടിച്ചു പിറകെ മീൻമുട്ടി അന്ത്രുവും. ആർക്കും എത്തും പിടിയും കിട്ടിയില്ല.
എന്നാൽ തെക്കു താഴ്‌വാരം തൊട്ടു, കിഴക്കു വയലേല കടന്നു, വടക്കു ചുന്ദരിപ്പുഴയുടെ കവുങ്ങിൻപാലവും താണ്ടി ഷാപ്പ് തിരിഞ്ഞു പടിഞ്ഞാറു കവലയെത്തി ഉന്നായി മാപ്പിള പായുന്ന ദിശ, മാപ്പിളയുടെ ലക്ഷ്യസ്ഥാനം, എല്ലാവർക്കും നല്ല തിട്ടമുണ്ട്. റട്ഗർ സായ്‌വിന്റ കണ്ണാടി ബംഗ്ലാവ്! വിടാച്ചിറക്കാരുടെ ഇത്തരത്തിലുള്ള എല്ലാ ഓട്ടവും ഒടുവിൽ ചെന്നവസാനിക്കുന്നതു സായ്‌വിന്റെ കണ്ണാടി ബംഗ്ലാവിലാണ്.
റട്ഗർ സായ്‌വ് ഒരു സംഭവമാണ്! കണ്ണാടി ബംഗ്ലാവ് ഒരു സംഭവമാണ്!
ഭൂമിയുടെ ഭ്രമണപഥവും ക്രമവും സൗരയൂഥത്തിലെ ലംബമായും തിരശ്ചീനമായുമുള്ള പ്രയാണ വിന്യാസങ്ങളും, പ്രവേഗവിവരങ്ങൾ, ക്ഷീരപഥത്തിലെ വിവിധങ്ങളായ സംക്രമപട്ടികകളും, സൗരവിസ്ഫോടനങ്ങളുടെ താക്കീതു പട്ടികകളും,ചാന്ദ്രപ്പകർച്ചകളുടെയും പകർന്നാട്ടങ്ങളുടെയും ക്രോഡീകൃത വിവരങ്ങളും, യക്ഷീപഥങ്ങളുടെ സമ്പൂർണവിവരങ്ങൾ ഭൂപടസഹിതവും,മത്സ്യകന്യകകളുടെ ആർത്തവക്രമങ്ങളും, നവഗ്രഹങ്ങളുടെയും ഛിന്ന ഗ്രഹങ്ങളുടെയും അധികമാരും അറിയാത്ത (അ)പഥസഞ്ചാരപഥങ്ങളും സംവേദന വീചികളും, വേലിയേറ്റം വേലിയിറക്കം ഇവകളാൽ ഭൂമിതരളിതമാകുന്ന നിമിഷങ്ങളിൽ ഉരുവാക്കേണ്ട വിത്തുവിതയുടെയും വായ്ത്താരികളുടെയും സംയോജിതക്രമങ്ങളും, ഇവ കൂടാതെ വിവിധങ്ങളായ ചാർത്തുകളും മറ്റു ഗുപ്തഭാഷകളിലുള്ള പഞ്ചാംഗങ്ങളും, തിര്യക്കുകളുടെ സ്വഭാവ സവിശേഷതകളും എന്നുവേണ്ട ഭൂകമ്പ മാപിനികളും സമയമാപിനികളും വിവിധങ്ങളായ യന്ത്രങ്ങളും എല്ലാമെല്ലാം റട്ഗർ സായ്‌വിന്റെ കണ്ണാടിബംഗ്ലാവിൽ ഉണ്ടായിരുന്നു.
2
“ഉന്നായി ഒളിമ്പിക്കിന് പഠിക്യ?” അഞ്ചലോട്ടക്കാരനെ വെല്ലുന്ന മാപ്പിളയുടെ ഓട്ടം കണ്ടപ്പോ ചിരട്ടയിൽ കള്ളുമോന്തി വളിവിട്ടിരിക്കുന്ന പ്ലാക്കൽ വറീത് തൊമ്മൻ ചികഞ്ഞു. “ദേ പോണു അന്ത്രുവും! ചെല്ലപ്പാ ഇത് സായ്‌വിനു പണിയാവുല്ലോ!”
കക്ഷം ചൊറിഞ്ഞുകൊണ്ടു അടുത്ത നിറ ചിരട്ടയിലാക്കി ഒറ്റവലിക്ക് കുടിച്ചു, പിന്നെയും നിറ പറഞ്ഞു നിലത്തു കുന്തിച്ചിരുന്നു, തൊമ്മൻ ചെല്ലപ്പനാശാരിയെ ഒന്ന് കൈമുട്ടി. നനഞ്ഞ പ്ലാവിൻതടിയിൽ ആണി അടിച്ചു കേറ്റുന്ന ലാഘവത്തോടെ ആശാരി നാവിൻ ചുറ്റിക വീശി, “അതിപ്പോ അങ്ങാടിപ്പാട്ടല്ലേ തൊമ്മാ…ഫാര്യാഗുണം…”
വിടാച്ചിറയിലെ ഷാപ്പിൽ ബെഞ്ചും ഡെസ്കുമില്ല, കസേലയില്ല. കള്ളു നുകരാൻ വരുന്നവർ ചാണകം മെഴുകിയ നിലത്തു തടുക്കിട്ടിരിക്കും. വട്ടത്തിൽ. വേനല്ക്കു മാത്രമേ ഷാപ്പിൽ കള്ളു ഉള്ളു. ഷാപ്പിന്റെ മേയൽ തന്നെ അത്ഭുതാവഹമാണ്. മുക്രൻകുടിയിലെ അമ്പുമേസ്തിരി നിന്ന് പണിയിച്ച ഷാപ്പാണ്. ഷാപ്പിനു ചുറ്റും തെങ്ങു തിങ്ങുന്ന നോക്കെത്താദൂരത്തുള്ള പറമ്പാണ്. ഒന്നിടവിട്ട തെങ്ങു ചെത്തുള്ളതാണ്. കമഴ്ത്തിയ കുടങ്ങളെ ബന്ധിപ്പിച്ചു മുള കൊണ്ടുള്ള ആകാശപ്പാത്തികൾ, അതിലൂടെ കള്ളിന്റെ അമൃതസുന്ദരമായ തേൻ തുള്ളികൾ ഇറ്റിറ്റു അരിച്ചരിച്ചു…ഒടുവിൽ എല്ലാപാത്തികളും വന്നു സമ്മേളിക്കുന്നത് ഒരു സംഗമത്തിൽ എന്ന പോലെ പറമ്പിന്റെ ഒത്തനടുക്കുള്ള ഷാപ്പിന്റെ കുടം കമഴ്ത്തിയപോലുള്ള മേൽക്കൂരയിൽ ആണ്. അവിടുത്തെ കയറുപിരിച്ചെടുത്ത അരിപ്പ കടന്നു തുള്ളി തുള്ളിയായി ഷാപ്പിലുള്ള ചുട്ടെടുത്ത മണ്ണിന്റെ കുട്ടകത്തിലേക്കു കള്ളു ബ്ലും ബ്ലും ചാടും. വെയിൽ ചൂട്ടു വീശുന്ന കൊടും വേനലിന്റെ ഉച്ചസ്ഥായിയിലും വിടാച്ചിറയിലെ ഷാപ്പിലും പറമ്പിലും കുളിരാണ്. ത്രസിപ്പിക്കുന്ന കുളിരു. സിരകളിൽ ലഹരിപടർത്തുന്ന കുളിരു. അതിലേക്കു ആകാശപ്പാത്തിയിൽ നിന്നുള്ള സോമരസം നുകരാൻ ഗന്ധർവന്മാരും യക്ഷന്മാരും കിന്നരന്മാരും അപ്സരസുന്ദരികളുമായി എത്തും. രാവും പകലും മദനോത്സവം…
വിടാച്ചിറയിലെ ഷാപ്പിലേക്കു റട്ഗർ സായ്‌വ് ഇടയ്ക്കു വരാറുണ്ട്. മിക്കവാറും രാത്രിയിൽ. പ്രാഞ്ചി പ്രാഞ്ചി വടിയും കുത്തി ഒരു കുന്നുപോലെ, വെളുത്തവാവിന് നാളിൽ സായ്‌വ് മോന്താൻ വരും. ഷാപ്പിലെ കറിക്കാരൻ ചേലുംപാടത്തെ ചൊല്പ്പേര് പരമുവാശാൻ ഭാര്യ കനകമണിയോട് കൂടി രാവിലെ തന്നെ ഒരുക്കങ്ങൾ ആരംഭിക്കും. നേരം പരപരാ വെളുക്കും മുൻപേ ഇരുവരും ഷാപ്പിലെത്തും. തലേന്ന് രണ്ടുപേരും അകന്നുകിടക്കും. രാവിലെ എണീക്കാൻ വൈകരുതെന്നോർത്തു.
അതിനുപിന്നിൽ ഒരു കഥയുണ്ട്. ഒരു ദിവസം വെളുത്തവാവിന്റെ തലേന്ന് ഇരുവരും ഒന്നു കൂടി. കുറ്റം പരാമുവാശാന്റെ തന്നെ. അല്ലേലും ആണുങ്ങളായാൽ അങ്ങനാണല്ലോ.
കയ്യോന്നിയും കർപ്പൂരവും ഇട്ടു കാച്ചിയ എണ്ണപൊത്തി ഇഞ്ചയും താളിയും തേച്ചു കുളിച്ചു വട്ടമെത്താത്ത ഈറൻ മേൽമുണ്ട് മാത്രം മാറിനുകുറുകെ ചുറ്റി തുടയിലൂടെ മുത്തുമണികൾ പോലെ വെള്ളം പാവി കുടിയിലേക്കു കനകമണി കേറിയത് മൂക്കറ്റം അന്തി മോന്തിവന്ന പരമുവാശാന്റെ മുന്നിലേക്ക് തന്നെ.
കൂടുതൽ ഒന്നും രണ്ടാൾക്കും ഓർമയില്ല. കുളി തെറ്റുമെന്നു കനകമണി ഉറപ്പിച്ചിരുന്നു. രാവിലെ ഉണരാൻ വൈകുമെന്നും, ഷാപ്പിന്റെ മുറ്റം തൂക്കാൻ സമയം കിട്ടില്ലെന്നും, കച്ചവടം കുറയുമെന്നും, ഇടയ്ക്കു രഹസ്യമായി വന്നു മൂടും മുലയും ഒന്ന് ഞെക്കി തൊട്ടുരുമ്മിപ്പോകുന്ന മന്ദപ്പൻ കെറുവിക്കുമെന്നും പരാമുവാശാൻ, വിശേഷിച്ചു അരപ്പുള്ള വറ്റൽ മുളകും പുളിയും പെരട്ടി പച്ചഈർക്കിലിയിൽ കോർത്ത് കനലുംപുറത്തു ചുട്ടെടുക്കുന്ന വരാൽ മീനുകൾ അന്നേ ദിവസം ഒറ്റാലിൽ കുടുങ്ങില്ലെന്നും സർവോപരി റട്ഗർ സായ്‌വ് വരില്ലെന്നും കനകമണി നിശ്ചയം പൂണ്ടിരുന്നു.
പെൺബുദ്ധി അത്ര പിന്നിലല്ല എന്ന് പരാമുവാശാനോട് പിറുപിറുത്താണ് കനകമണി ആ ദിവസം തുടങ്ങിയത്. ചുണ്ടും മാറും ഒക്കെ മുളക് തേച്ചരച്ച പോലെ അവൾക്കു നീറുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടിൽ അടക്കിവെച്ചുള്ളപോലെ പുഞ്ചിരി ഭാഗികമായി വിലസുന്നുണ്ടായിരുന്നു.
എന്നാൽ റട്ഗർ സായ്‌വ് വന്നു. അലങ്കോലമായികിടക്കുന്ന ഷാപ്പും മുറ്റവും കണ്ടു. വിയർപ്പിൽ കുളിച്ചു മേൽമുണ്ട് ഒട്ടി ബ്ലൗസിൽ ഞെരുങ്ങിയിരിക്കുന്ന മുയൽക്കുഞ്ഞുങ്ങളെയും അടക്കി അടുക്കളയിൽ ഓടി നടക്കുന്ന കനകമണിയെ കണ്ടു. വരാൽ മീനുകൾക്ക് പകരം ഒറ്റാലിൽ കുടുങ്ങിയ പേരറിയാത്ത മത്സ്യങ്ങളോട് ഈർക്കിൽ യുദ്ധം നടത്തുന്ന പരമുവാശാനെയും കണ്ടു. അന്തി മോന്താതെ ഒരക്ഷരം മിണ്ടാതെ സായ്‌വ് വെളുത്തവാവിന്റെ മേഘപടലങ്ങൾ സൃഷ്‌ടിച്ച ഇരുട്ടിലേക്കു നടന്നു. അതിൽ അലിഞ്ഞു. അന്ന് രാത്രി ഓലമേഞ്ഞ ഷാപ്പിലേക്കു വലിയക്കാട്ടെ ഒരു തെങ്ങു വന്നു വീണു. ആളപായം ഉണ്ടായില്ല.
3
“എന്താ ഉന്നായി മാപ്പിളെ, എലീനപ്പെണ്ണു നന്തോന്നി തിന്നോ?”
ഓടിക്കിതച്ചു വിയർപ്പിൽകുളിച്ചു കൈകൾ രണ്ടും മുട്ടുകാലിൽ ഊന്നി എവിടെത്തുടങ്ങേണം എന്നറിയാതെ നാവുപുറത്തിട്ടു ശ്വാസം കഴിക്കാൻ പാടുപെടുന്ന ഉന്നായിമാപ്പിളക്കു റട്ഗർ സായ്‌വ് പറഞ്ഞത് കേട്ടപ്പോൾ ആശ്വാസമായി.
നിലത്തുകുന്തിച്ചിരുന്നു നെഞ്ചത്തടിച്ചു കരയുവാൻ ഇനി എളുപ്പമാണ്. മീൻമുട്ടി അന്ത്രു അപ്പോഴും എത്തിയിരുന്നില്ല. അവൻ വഴിയിലെവിടെയോ പിന്നിലായിപ്പോയി. അതോ വീണുപോയോ?
ഉന്നായി മാപ്പിളക്കു തിട്ടമില്ല.
ലോകം വട്ടം കറങ്ങുന്നതായും തല ഒപ്പം കറങ്ങുന്നതായും ഉന്നായി മാപ്പിള അറിഞ്ഞു; കിതച്ചുകൊണ്ട്. വിയർത്തൊലിച്ചു കൊണ്ട്, പൊട്ടിപ്പൊട്ടി കരഞ്ഞുകൊണ്ട്. സ്വന്തം നെഞ്ചത്ത് ഇടയ്ക്കിടെ ആഞ്ഞടിച്ചുകൊണ്ടു. അന്ത്രു അപ്പോഴേക്കും വേച്ചുവേച്ചു അടുത്തെത്തിയിരുന്നു.
അവനത്രേ ആദ്യം കണ്ടത്. അവൻ തന്നെയാണ് വിവരം മാപ്പിളയോട് കയ്യോടെ പറഞ്ഞതും. എലീനപ്പെണ്ണു...പെഴച്ചു.
ചേറൂക്ക് ഉലഹന്നാൻ മൂപ്പന്റെ സന്തതിയാണ് ഉന്നായി മാപ്പിള. വലിയ തരക്കേടില്ലാത്ത സ്വത്തുണ്ട്. അപ്പൻ കൽപ്പിച്ച മണ്ണും അപ്പൻ പറഞ്ഞ പെണ്ണും ഉന്നായി വരിച്ചു-- എലീനപ്പെണ്ണ്. കൈമെയ് മറന്നു രണ്ടിലും പണിതു. മണ്ണിൽ പൊന്നു വിളഞ്ഞു. പെണ്ണിൽ കുഞ്ഞും. ഒന്നല്ല. അഞ്ചെണ്ണം.
പ്രായത്തിൽ ഉന്നായിയുടെ പാതിയെന്നിരുന്നാലും എലീനപ്പെണ്ണു അതിസുന്ദരിയായിരുന്നു. വിടാച്ചിറയുടെ ഓരം കൊണ്ട ചുക്കാൻമലയ്ക്ക് അപ്പുറമുള്ള ഒഴികുന്നത്ത് ഔസേപ്പിന്റെയും ദീനാമ്മയുടെയും ഒരേയൊരു മോൾ. അമ്പേ വഷളത്തി; പുന്നാരിച്ചു പുന്നാരിച്ചു. ത്രസിച്ചുനിൽക്കുന്ന ഔത്സുക്യം. പുരുഷന്മാരോട്. അവളെക്കുറിച്ചു വിടാച്ചിറ ഷാപ്പിൽ പാട്ടുണ്ടായിരുന്നു. എഴുതാൻ പറ്റാത്ത, പാടിയാൽ ഒരുപക്ഷേ സ്ഖലനമുണ്ടാക്കുന്ന പാട്ടു.
ഒരൊറ്റകുഴപ്പം മാത്രം. ഉന്നായിയൊ, ഉന്നായിയുടെ തന്തപ്പടിയോ ആ വഴി ഒരിക്കലും പോയിട്ടില്ല. പോകുമായിരുന്നില്ല.
വഴിതെറ്റിയെങ്കിലും ഉന്നായി ഷാപ്പിൽ എന്നേലും ചെന്നിരുന്നെങ്കിൽ, (തൂമ്പായിൽ പൂള് കേറ്റാൻ എന്ന വ്യാജേനയോ, അഥവാ ഷാപ്പിൽ സ്ഥിരതാമസക്കാരനായ കൊല്ലൻ ഭദ്രനെ അന്വേഷിച്ചോ പോയിരുന്നെങ്കിൽ) ആരേലും ഏതേലും വേനലിനു പാട്ടിലെ ഒരു വരിയെങ്കിലും വെറുതെയെങ്കിലും മൂളിയിരുന്നെങ്കിൽ, ഉന്നായിമാപ്പിളയുടെ ജീവിതം മറ്റൊന്നാകുമായിരുന്നു. റട്ഗർ സായ്‌വ് ഓർത്തു.
അനന്തമായ സാധ്യതകളുടെ അടപടലം അളന്നുകൊണ്ട് തെക്കുനിന്നും പല്ലി ചിലച്ചപ്പോൾ സായ്‌വിനു തോന്നി ഒരു മരണക്കോളുണ്ട് എന്ന്. പല്ലികൾ എന്നാൽ വ്യാളീ ജന്മങ്ങൾ ആകുന്നു. ഭൂതഭാവിവർത്തമാനങ്ങളുടെ മൂന്നുംകൂടിയ കവലയിൽ അവ തമ്പടിച്ചു കിടന്നു തികച്ചും ഗുപ്തമായി ചിലച്ചുകൊണ്ടിരുന്നു. സൂചനകൾ നൽകിക്കൊണ്ടിരുന്നു.
പല്ലിച്ചില തന്നെ പലതുണ്ടു. നീട്ടിയും കുറുകിയും വലിഞ്ഞും തെളിഞ്ഞും ഒളിഞ്ഞും പതുങ്ങിയും പല ശബ്ദങ്ങളിൽ ഭാവങ്ങളിൽ പല്ലികൾ ചിലക്കാറുണ്ട്. മേളിക്കാറുണ്ട്. അന്ന് ചിലച്ചതാകട്ടെ പതിതാളത്തിൽ. സംശയിച്ചും എന്നാൽ ഉറപ്പിച്ചും.
സംയമനിയിൽ ചിത്രഗുപ്ത ലിഖിതങ്ങളിലേക്കു കണ്ണയച്ചു സ്ഥലകാലങ്ങളുടെ അടരുകൾ പലതുതാണ്ടി പരിമാണങ്ങൾ പലതും കടന്നു ഒരു കാഴ്ചയെ ഉള്ളിലടക്കി ഒരു വ്യാളീജൻമം ചിലക്കുമ്പോൾ ദത്തശ്രദ്ധനായി ശ്രവിച്ചുംകൊണ്ടു റട്ഗർ സായ്‌വ് ഉമ്മറത്തിരിക്കാറുണ്ട്. പല്ലികൾ മാത്രമല്ല, ഉറുമ്പുകളും ഉരഗങ്ങളും പക്ഷികളും പറവകളും സ്ഥലകാലങ്ങളുടെ കണക്കുകൾ എഞ്ചുവടി പൊലെ ഉരുക്കഴിക്കുമ്പോൾ ഉയിരും ഉടലും ഒന്നെങ്കിൽ പഞ്ചേന്ദ്രിയങ്ങളെ ദീപ്തമാക്കി അതിന്റെ കുരുക്കഴിക്കേണ്ട ബാധ്യത തനിക്കു സ്വയം കല്പിച്ചതു എന്നാണ്? അതെല്ലാം ഗുപ്തം തന്നെ.
4
ഇപ്പോൾ പ്രാധാന്യം നായയെപ്പോലെ നിന്ന് കിതക്കുന്ന ഉന്നായി മാപ്പിളയുടെ ജീവൽപ്രശ്നത്തിനാണ്. അഥവാ പനമ്പുകെട്ടി മറച്ച കുളിമുറിയിൽ വ്യഭിചാരം സ്ഥലകാലബോധമേതുമില്ലാതെ കാഴ്ചവെച്ച എലീനപ്പെണ്ണിന്റ്റെ ഔദ്ധ്യത്തിന്റെ പരിണിതഫലങ്ങൾക്കാണ്. നട്ടുച്ചയ്ക്ക വ്യഭിചരിച്ചതോ പോട്ടെ, മാപ്പിളയുടെ തൂമ്പാപിടിക്കുന്ന, മണ്ണിനോടു ദൈനംദിനം മല്ലയുദ്ധം ചെയ്യുന്ന കൈത്തഴപ്പു കഴുത്തിൻവട്ടം പിടിക്കുമെന്നായപ്പോൾ, ഒരു പരൽമീനിനെപ്പോലെ ഒഴിഞ്ഞുപാഞ്ഞു എലീനപ്പെണ്ണു വീടിന്റെ കിഴക്കോറത്തുള്ള പൊന്തക്കാട്ടിൽ സസൂക്ഷ്മം നട്ടുവളർത്തിയിരുന്ന നന്തോന്നിക്കിഴങ്ങു ചോടെപറിച്ചു വിഴുങ്ങി. എന്നിട്ടു പൊട്ടിപ്പൊട്ടി ചിരിച്ചു. ആ യക്ഷിച്ചിരി ഇപ്പോഴും തന്റെ ചെവിയിൽ ഒരു കൊമ്പൻപനയുടെ എടുപ്പോടെ കൊടിനാട്ടി നിൽക്കുന്നതായി ഉന്നായി മാപ്പിളക്കു തോന്നി. തുടർന്ന് ക്ഷണനേരം കൊണ്ട് ചക്ക വെട്ടിയിട്ടപോലെ എലീനപ്പെണ്ണു വീണു. നുരയും പതയും പിച്ചുംപേയും…എലീനപ്പെണ്ണിന്റെ നഖങ്ങൾ പച്ചമണ്ണിലേക്കു ആഴ്ന്നിറങ്ങി…
അഞ്ചുകിടാങ്ങളുടെ അമ്മ ചോരതുപ്പിത്തുടങ്ങിയപ്പോൾ മേന്തോന്നി തപ്പാൻ ഉന്നായി വിറപൂണ്ടു. നന്തോന്നിക്കു മറുമരുന്ന് മേന്തോന്നിയെ ഉള്ളൂ. വീടും പൊരേടോം അരിച്ചുപെറുക്കി നോക്കീട്ടും ഉന്നായി മാപ്ലക്കോ അയൽക്കാർക്കോ മേന്തോന്നി കിട്ടിയില്ല.
ഒടുവിൽ മീൻമുട്ടി അന്ത്രൂനതു കത്തി. “അണ്ണോ ഓള് മേന്തോന്നീന്റെ ചോടെല്ലാം പറിചേക്കാണ്…” സായ്‌വിനെപ്പോലെ എലീനപ്പെണ്ണിനും ദീർഘദൃഷ്ടി പൂണ്ടിരുന്നു. അവൾ എല്ലാം വിഭാവനം ചെയ്തിരുന്നു.
തിരച്ചിൽ മതിയാക്കി തെക്കോട്ടെടുക്കാം എന്ന് നിന്നച്ചെങ്കിലും എളെമോൾടെ കണ്ണീരു കാസറട്ടാക്കി ഉന്നായി പാഞ്ഞതാണ് റട്ഗർ സായ്‌വിന്റെ ബംഗ്ലാവിലേക്കു.
5
“നന്തോന്നിക്കു മറുമരുന്ന് മേന്തോന്നി. ഇല്ലേൽ പട്ടിക്കാട്ടം…” ഇതു പറയലും സായ്‌വ് അകത്തുകേറി വാതിലടക്കലും ഒന്നിച്ചു കഴിഞ്ഞു. ശേഷം എന്തെന്നറിയാത്ത തീർപ്പിനു മുന്നിൽ ഉന്നായിയും മീൻമുട്ടി അന്ത്രുവും ഒരുപിടി നാട്ടുകാരും വീർപ്പടക്കി നിന്നു.
വിടാച്ചിറയിലെ നായ്ക്കൂട്ടങ്ങൾ അത്രകണ്ട് അന്നേക്ക് ശേഷം പരവശപ്പെട്ടിട്ടില്ല. അഞ്ചു വയസുള്ള പൊടിമോൻ മുതൽ എൺപത്തഞ്ചു വയസുള്ള ഇല്യാസുചേട്ടൻ വരെ അന്ന് പട്ടിപിടുത്തത്തിനിറങ്ങി. വിടാച്ചിറയുടെ തലങ്ങും വിലങ്ങും പട്ടികൾ അന്തംവിട്ടോടി. ഒടുവിൽ ഇടിക്കയത്തു അച്ചായന്റെ നാടൻ പട്ടിയെ ചവുട്ടിതൂറിച്ചു പട്ടിക്കാട്ടം അരച്ചുകലക്കി കൊടുത്തു എലിനപ്പെണ്ണിന്റെ ഏനക്കേട് മാറ്റി.
അന്നുരാത്രിയും പിറ്റേന്നും വിടാച്ചിറയിൽ വേനൽമഴ തിമർത്തു പെയ്തു. ഷാപ്പുണ്ടായില്ല. ശേഷമുള്ള വെളുത്തവാവിൻ രാത്രിയിൽ അന്തിമോന്താൻ ആദ്യമെത്തിയവരിൽ ഉന്നായി മാപ്പിളയും!
#MalayalamShortStory








Comments
Post a Comment